നെന്മാറ: നെന്മാറ പഞ്ചായത്തിന്റെ വക്കാവ് മാലിന്യസംസ്കരണ യൂണിറ്റിലെ പ്രവർത്തനങ്ങൾ മാസങ്ങളായി താളംതെറ്റിയതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായി.
വർഷങ്ങളായി കെട്ടിക്കിടക്കുന്ന ലെഗസി വേസ്റ്റ് നീക്കം ചെയ്യാത്തതും ദുർഗന്ധവും ആരോഗ്യപ്രശ്നങ്ങളും രൂക്ഷമായ സാഹചര്യത്തിൽ നാട്ടുകാർ മാലിന്യവുമായി എത്തിയ വാഹനങ്ങൾ തടഞ്ഞിട്ടു.
യൂണിറ്റിന്റെ പരിസരം ഇപ്പോൾ ദയനീയാവസ്ഥയിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വേർതിരിക്കാതെ കൂമ്പാരമായി കിടക്കുന്നതും മഴക്കാലമായതോടെ ദുർഗന്ധം വ്യാപകമായി പടരുന്നതും പ്രദേശവാസികളുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. പ്രശ്നം രൂക്ഷമായതോടെ പ്രദേശവാസികൾ മാലിന്യ സംസ്കരണ കേന്ദ്രം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവമാലിന്യങ്ങൾ സംസ്കരിക്കപ്പെടാതെ കിടക്കുന്നതിനാൽ തെരുവുനായ്ക്കളും പക്ഷികളും മറ്റുജീവികളും പരിസരങ്ങളിലേക്ക് വലിച്ചിഴച്ച് സമീപത്തെ കിണറുകളിലും വീടുകളുടെ പരിസരത്തും ഉപേക്ഷിക്കുന്നതായും നാട്ടുകാർ പറയുന്നു.
ഇതുമൂലം കുടിവെള്ള സ്രോതസുകൾ മലിനമാകുന്നതായും നാട്ടുകാർ ആരോപിച്ചു. കാലവർഷം ശക്തമായതോടെ ദുർഗന്ധവും കൊതുകുശല്യവും രൂക്ഷമായ സാഹചര്യത്തിലാണ് ഇന്നലെ മാലിന്യവുമായി വക്കാവ് പ്ലാന്റിലേക്കെത്തിയ പഞ്ചായത്ത് വാഹനം പ്രദേശവാസികൾ തടഞ്ഞത്.
തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. മൂന്നുമാസത്തിനകം പ്ലാന്റിലെ മുഴുവൻ ലെഗസി വേസ്റ്റും നീക്കം ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണുമെന്നു വീണ്ടും ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധക്കാർ വാഹനം കടത്തിവിട്ടത്.